Sunday 23 December 2012

വേലിയും വയ്യാവേലിയും !!

വേലി !!
----------
വിത്ത് നട്ടു
വെള്ളവും വളവും നല്‍കി
രാവും പകലും
കാവലിരുന്നു വേലി.
വളര്‍ച്ച കണ്ടു .....
ഒടുവില്‍
വേലിതന്നെ
ആ വിളവു തിന്നു !!!

വയ്യാവേലി !!
-----------------
ആര്‍ത്ത നാദം
അയാള്‍ ഓടി
അവിടെ എത്തി !
അവള്‍ക്കു ചുറ്റും ചെന്നായ്ക്കള്‍!
അമ്പരന്നു നില്‍ക്കെ
അയാള്‍ വെറുതെ ഓര്‍ത്തു
ആ ... എന്തിനീ വയ്യാ വേലി !!
അയാള്‍ പതിയെ നടന്നകന്നു...


Wednesday 19 December 2012

മാ നിഷാദ :

തണുപ്പ്
ഉള്ളിലും പുറത്തും !
പക്ഷെ
ചൂട് കൂടിയ
നാരാധമന്മാര്
ചുറ്റിലും!!!
എവിടെ ഒളിപ്പിക്കും
ഞാന്‍ ?
നാടും
സ്വന്തം വീടും
സുരക്ഷിതമല്ലാതായാല്‍
പോറ്റി വളര്‍ത്തിയ
ജീവന്‍ ?
ഓര്‍ക്കുന്തോറും
വീണ്ടും മനസ്സില്‍
നേര്‍ത്ത ഭയത്തിന്റെ
തണുപ്പ് !!!



Wednesday 12 December 2012

നീ

നീ
-----
നീയെപ്പോ വരുമെന്നറിയില്ല
നിനക്കായ്‌ ആരും കാത്തിരിക്കാറുമില്ല
നീ വന്നാലോ പിന്നെ സമയം അതില്ല
നിന്റെ കൂടെ യാത്ര അത് നിശ്ചയം !

നിന്ന നില്പില്‍ ചെറുപുഞ്ചിരിയോടെ
നിന്നെ സ്വീകരിക്കുന്നവന്‍ ഭാഗ്യവാന്‍!
നിന്നിലലിയും മുന്‍പേ ചെയ്തിടാനേറെ
നിത്യവും ചെറു കാര്യങ്ങള്‍ കൂടെ !!!



Tuesday 9 October 2012

പണം കായ്ക്കുന്ന മരം !


ഫലം  കായ്ക്കുന്ന മരങ്ങള്‍
അയാള്‍ എന്നേ മുറിച്ചു വിറ്റു
കെട്ടു പ്രായം കഴിഞ്ഞപ്പോള്‍
ഒന്നാമത്തതിനെ പറഞ്ഞയക്കാന്‍

ഉണ്ടായിരുന്ന  പത്തു സെന്റ്‌
നടുകെ  മുറിച്ചു കൊടുത്തു
റിയല്‍ എസ്റ്റെറ്റുകാരന്
രണ്ടാമത്തേതിനെ  കരകയറ്റാന്‍

മൂന്നാമത്തെ ആണ്‍ സന്തതി
ബിസിനസ്‌ സ്വപ്‌നങ്ങള്‍
നെയ്യാന്‍ തുടങ്ങിയപ്പോള്‍
ബാക്കി അഞ്ചും പുരയിടവും  പോയി

ആരോഗ്യം ക്ഷയിച്ചു , കാഴ്ച മങ്ങി
അടുപ്പില്‍  പുകഉയരുന്നില്ലേലും
ഇപ്പോള്‍  അയാള്‍ സ്വപനം കാണുന്നു
പണം കായ്ക്കുന്ന ആ മരത്തെ !





Wednesday 13 June 2012

അവസ്ഥ

അവസ്ഥ
==========
വെട്ടിന്നവസാനം
ഒന്നുമറിയാതെ
ചോര പുരണ്ടൊരു വെട്ടു കത്തി !!

കണ്ണീര്‍ വാര്‍ത്തു
വാതില്‍ മറവില്‍
അമ്മക്കിളി !

കണ്ണില്‍ കത്തുന്ന തീയുമായ്‌
മുറ്റത്തെ മാവിന്‍ ചുവട്ടില്‍
ഒരു കുട്ടിക്കിളി  !

എല്ലാം കണ്ടും കേട്ടും
ഒന്നും ചെയ്യാനാവാതെ 
സങ്കടപ്പെട്ടു ഒരപ്പൂപ്പന്‍താടി !!



Friday 20 January 2012

ചില "വികല" ചിന്തകള്‍ !



ഒന്ന്
-------
ഇസ്തിരിപെട്ടിക്കടിയില്‍ 
നിവരുന്നത്  വസ്ത്രത്തിലെ
ചുളിവുകള്‍   അല്ല 
നിന്റെ  വ്യക്തിത്വം !

രണ്ട്
--------
പേപ്പറും പേനയും ഉപേക്ഷിച്ചു
എഴുത്ത് കീബോര്‍ഡ്‌ കയ്യടക്കിയപ്പോള്‍
നഷ്ടപ്പെട്ടത്  എഴുത്തല്ല  
നീയും ഞാനും തമ്മുള്ള  അകലം !

മൂന്നു
----------
പണ്ട് ചുമരുകളെല്ലാം വെള്ളയായിരുന്നു
ഉള്ളില്‍ ഉള്ളവന്റെ മനസ്സും  !
ഇന്ന് ചുമരുകള്‍ക്കു  കടുംനിറം പൂശുമ്പോള്‍
മായ്ക്കാന്‍ ശ്രമിക്കുന്നത് വെളുപ്പോ "കറുപ്പോ "?  


Wednesday 4 January 2012

കാലം പോയ കോലം !

 
പാവം അമ്മി
അരക്കാന്‍ തേങ്ങകിട്ടാതെ
അമ്മിക്കുട്ടിയെ മാറോടടക്കി
ആര്‍ക്കും വേണ്ടാതെ വിറകുപുരയില്‍ ! 
 
പാവം മമ്മി
സ്വന്തം കുട്ടിയെ ബോര്‍ഡിങ്ങില്‍ ആക്കി
പപ്പിക്കുട്ടിയെ മാറോടടക്കി
പത്തരമാറ്റു പത്രാസോടെ ക്ലബ്ബില്‍   !
 
 
 

Sunday 1 January 2012

പുതുവര്ഷം

കാലത്തില്‍ ഒലിച്ചു പോകുന്നത് 
നിഴലുകള്‍ അല്ല
പച്ചയായ ജീവിതം !
കൊണ്ടും കൊടുത്തും അറിഞ്ഞും അറിയിച്ചും
നാം ജീവിക്കുമ്പോള്‍
പുലരട്ടെ നമ്മില്‍ നന്മകള്‍ .