Tuesday, 25 June 2013

ദരിദ്രര്‍!

ദരിദ്രര്‍!
======
നമുക്കുണ്ട് നല്ല വസ്ത്രങ്ങള്‍
അതുകൊണ്ട് വസ്ത്രമില്ലാത്തവര്‍
നമുക്ക് നഗ്നര്‍!

ചുറ്റും കെട്ടിയുയര്‍ത്തിയ മതിലുകളാല്‍
ചതുരക്കട്ട വീട് നമുക്കുള്ള തിനാല്‍
വീടില്ലാത്തവന്‍ പാവം !

നമ്മുടെ കുഞ്ഞുങ്ങള്‍ ആംഗലേയം
മൊഴിയും പാഠശാലയില്‍
അവരുടെ കുഞ്ഞുകള്‍ കഞ്ഞിക്കലത്തിനരികില്‍

നമ്മള്‍ മൂന്നുനേരം
സുഭിക്ഷമായുണ്ണുന്നതിനാല്‍
വിശപ്പുള്ളവന്‍ നമുക്കന്യന്‍ !

എന്തിനു നമുക്കീ കണ്ണുകള്‍
വെറുതെ കാണേണ്ട കാഴ്ചകള്‍
കണ്ടില്ലെങ്കില്‍ !!

Sunday, 17 February 2013

ജനാധിപത്യം !

ജനാധിപത്യം !
==========
പറഞ്ഞിരിക്കാം നമുക്ക്
"വെടി" ക്കഥകള്‍ !
"കുരു"ങ്ങി ത്തിരിയാം
നമുക്കാ"ച്ചു"തണ്ടില്‍ !
നീറുന്ന ജനതയും
പൊള്ളുന്ന പ്രശ്നങ്ങളും
നമ്മുക്കവഗണിച്ചു
ഇടതും വലതും നിന്ന്
പൊറാട്ട് നാടകം
ആടി തീര്‍ക്കാം !!
പരശുരാമന്റെ
മഴു കിട്ടിയിരുന്നേല്‍
ഒരിക്കല്‍ കൂടി
ഒന്നാഞ്ഞെറിയാമായിരുന്നു
ജനാധിപത്യത്തിന്റെ
നെഞ്ചിലേക്ക് !!


Sunday, 27 January 2013

വിശ്വാ(സ)രൂപം

വിശ്വാ(സ)രൂപം
============
വിശ്വരൂപം
കാണാത്തവരുംകണ്ടവരും
ഈ വിശ്വമേ മറന്നു
വിശ്വ വിമോചന ഗ്രന്ഥവും !
വിശ്വ പ്രപഞ്ചത്തെ കീഴടക്കിയ
പ്രവാചകന്റെ മാതൃകയും !

തങ്ങളുടെ വിശ്വരൂപം
കാണിക്കുന്നതിന് മുന്പ്
ശാശ്വത ജീവിതം ഈ വിശ്വത്തില്‍
അല്ല എന്ന തിരിച്ചറിവ്
വിശ്വാസികള്‍ക്ക് ഉണ്ടായെങ്കില്‍ !!


Sunday, 23 December 2012

വേലിയും വയ്യാവേലിയും !!

വേലി !!
----------
വിത്ത് നട്ടു
വെള്ളവും വളവും നല്‍കി
രാവും പകലും
കാവലിരുന്നു വേലി.
വളര്‍ച്ച കണ്ടു .....
ഒടുവില്‍
വേലിതന്നെ
ആ വിളവു തിന്നു !!!

വയ്യാവേലി !!
-----------------
ആര്‍ത്ത നാദം
അയാള്‍ ഓടി
അവിടെ എത്തി !
അവള്‍ക്കു ചുറ്റും ചെന്നായ്ക്കള്‍!
അമ്പരന്നു നില്‍ക്കെ
അയാള്‍ വെറുതെ ഓര്‍ത്തു
ആ ... എന്തിനീ വയ്യാ വേലി !!
അയാള്‍ പതിയെ നടന്നകന്നു...


Wednesday, 19 December 2012

മാ നിഷാദ :

തണുപ്പ്
ഉള്ളിലും പുറത്തും !
പക്ഷെ
ചൂട് കൂടിയ
നാരാധമന്മാര്
ചുറ്റിലും!!!
എവിടെ ഒളിപ്പിക്കും
ഞാന്‍ ?
നാടും
സ്വന്തം വീടും
സുരക്ഷിതമല്ലാതായാല്‍
പോറ്റി വളര്‍ത്തിയ
ജീവന്‍ ?
ഓര്‍ക്കുന്തോറും
വീണ്ടും മനസ്സില്‍
നേര്‍ത്ത ഭയത്തിന്റെ
തണുപ്പ് !!!Wednesday, 12 December 2012

നീ

നീ
-----
നീയെപ്പോ വരുമെന്നറിയില്ല
നിനക്കായ്‌ ആരും കാത്തിരിക്കാറുമില്ല
നീ വന്നാലോ പിന്നെ സമയം അതില്ല
നിന്റെ കൂടെ യാത്ര അത് നിശ്ചയം !

നിന്ന നില്പില്‍ ചെറുപുഞ്ചിരിയോടെ
നിന്നെ സ്വീകരിക്കുന്നവന്‍ ഭാഗ്യവാന്‍!
നിന്നിലലിയും മുന്‍പേ ചെയ്തിടാനേറെ
നിത്യവും ചെറു കാര്യങ്ങള്‍ കൂടെ !!!Tuesday, 9 October 2012

പണം കായ്ക്കുന്ന മരം !


ഫലം  കായ്ക്കുന്ന മരങ്ങള്‍
അയാള്‍ എന്നേ മുറിച്ചു വിറ്റു
കെട്ടു പ്രായം കഴിഞ്ഞപ്പോള്‍
ഒന്നാമത്തതിനെ പറഞ്ഞയക്കാന്‍

ഉണ്ടായിരുന്ന  പത്തു സെന്റ്‌
നടുകെ  മുറിച്ചു കൊടുത്തു
റിയല്‍ എസ്റ്റെറ്റുകാരന്
രണ്ടാമത്തേതിനെ  കരകയറ്റാന്‍

മൂന്നാമത്തെ ആണ്‍ സന്തതി
ബിസിനസ്‌ സ്വപ്‌നങ്ങള്‍
നെയ്യാന്‍ തുടങ്ങിയപ്പോള്‍
ബാക്കി അഞ്ചും പുരയിടവും  പോയി

ആരോഗ്യം ക്ഷയിച്ചു , കാഴ്ച മങ്ങി
അടുപ്പില്‍  പുകഉയരുന്നില്ലേലും
ഇപ്പോള്‍  അയാള്‍ സ്വപനം കാണുന്നു
പണം കായ്ക്കുന്ന ആ മരത്തെ !